സിജു വിൽസനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘വരയൻ’. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് നിർമ്മിച്ചിരിക്കുന്നത്. ഫാദർ ഡാനി കപ്പൂച്ചിന്റെതാണ് തിരക്കഥ. മെയ് 20 ന് റിലീസ് ചെയ്യുന്ന ചിത്രം ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ്‌ലൈനിൽ പുറത്തിറങ്ങുന്നത്. ലിയോണ ലിഷോയിയാണ് നായിക. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങൾ. ‘ടൈഗർ’ എന്ന് പേരുള്ള നായയും പ്രധാന കഥാപാത്രമാണ്.
‘വരയൻ’ നെ കുറിച്ചും നായികാ കഥാപാത്രത്തെ കുറിച്ചും കൂടുതൽ അറിയുവാനായി ‘എം.ആർ പ്രൊഫഷണൽ’ നടി ലിയോണ ലിഷോയിയുമായി അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിൽ തന്റെ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ലിയോണ പറഞ്ഞതിങ്ങനെ, “ജിജോ ചേട്ടനാണ് ഈ കഥാപാത്രം ചെയ്യാനായി എന്നെ വിളിക്കുന്നത്. ‘ഇഷ്ക്’, ‘അന്വേക്ഷണം’, ‘അതിരൻ’ ഇതെല്ലാം ചെയ്തിട്ട് കമ്മിറ്റ് ചെയ്ത ചിത്രമാണ് ‘വരയൻ’.
ഈ ചിത്രങ്ങളിലെല്ലാം കുറച്ചധികം സീരിയസായ കഥാപാത്രമായിരുന്നു എന്റേത്. എന്നാൽ ‘വരയൻ’ ലെ അങ്ങനെ ആയിരുന്നില്ല. ഇവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന ഒന്നായിരുന്നു. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല. അത് എനിക്ക് ഇന്ററസ്റ്റിംങായി തോന്നി. എനിക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി ചെയ്യണമെന്നുണ്ടായിരുന്നു. അത് കാരണമാണ് ‘വരയൻ’ തിരഞ്ഞെടുത്തത്. സത്യം സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രം, സിജുവിന്റെ കൂടെയുള്ള ആദ്യ ചിത്രം, ഇതെല്ലാം എനിക്ക് പുതുമയുള്ളതായിരുന്നു. പിന്നെ ഒരു ഡ്യൂയറ്റ് സോങ്ങുണ്ട്, ഞാൻ ഇതിനു മുന്നെ ചെയ്യാത്തൊരു കാര്യമാണത്. അതൊന്ന് ചെയ്തു നോക്കണമെന്നുണ്ടായിരുന്നു.”
കഥാപാത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞതിങ്ങനെ, “ഡേയ്സി എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഡേയ്സി ഭയങ്കര ബോൾഡായിട്ടുള്ള യങ്ങർ ആൻഡ് ക്യൂട്ടായ ഒരാളാണ്. അതോടൊപ്പം കുറച്ച് കുരുത്തക്കേടും അഹങ്കാരവുമൊക്കെ അവൾക്കുണ്ട്. ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളാണ്. കാശുള്ളവന്റെ മോളെന്നുള്ള അഹങ്കാരം നല്ലപോലെ അവൾക്കുണ്ട്. ബുള്ളറ്റാണ് ഓടിക്ക, പിന്നെ പള്ളിലച്ഛനെ വളക്കാനുള്ള വൻ ശ്രമത്തിലാണ്, അങ്ങനെയൊക്കെയാണവൾ.”
Read More at – https://www.southlive.in/movie/celebrity-talk/i-m-never-done-that-before-leona-lishoi