സിജു വിത്സനെ നായകനാക്കി ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയൻ എന്ന ചിത്രത്തിന് ഒരു സവിശേഷതയുണ്ട്. ഇതിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഡാനി കപ്പൂച്ചിൻ എന്ന വൈദികനാണ്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ ജിയാണ് ചിത്രം നിർമ്മിച്ചത്. ചെറുപ്പം മുതൽ സിനിമയോടുള്ള താൽപ്പര്യം ഈ അവസരത്തിൽ തിരക്കഥയെഴുതുന്നതിലേക്ക് എത്തുകയായിരുന്നുവെന്ന് ഡാനി കപ്പൂച്ചിൻ വെളിപ്പെടുത്തി. കുടുംബങ്ങൾക്കും കുട്ടികൾക്കും യുവാക്കൾക്കും ഏറെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഹാസ്യത്തിനും ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകുകയാണ് ഈ കുടുംബചിത്രം. മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ലിയോണ ലിഷോയ്, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സിജു വിത്സനോടൊപ്പം ബെൽജിയൻ മലിനോയ്സ് ഇനത്തിൽപ്പെട്ട നാസ് എന്ന നായ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. അത്തരമൊരു സന്തോഷത്തിന്റെ നെറുകയിലാണ് സിജു വിത്സൺ ഇപ്പോൾ. വരയനിൽ ‘ഫാദർ എബി കപ്പൂച്ചിൻ’ എന്ന പുരോഹിതനായി വേഷമിട്ടതിന്റെ ത്രില്ലിലാണ് താരം. ‘ഫാദർ എബി കപ്പൂച്ചിൻ ഒരു ചെമ്മരി ആട്ടിൻ കുട്ടിയാണ്, ക്യൂട്ടാണ്. നാട്ടുകാർക്ക് പ്രിയപ്പെട്ടവനാണ്. പന്ത് കളിക്കാനും ചീട്ടുകളിക്കാനുമൊക്കെ കൂടുന്ന ഒരു പുരോഹിതനാണ്. പ്രേക്ഷകർക്ക് ഇഷ്ടമാവും എബിച്ചനെ. അങ്ങനാണ് പുള്ളി. എന്നാൽ ആളത്ര മിണ്ടാപൂച്ചയൊന്നുമല്ല ഇടി കൊടുക്കേണ്ടിടത്ത് വെടിക്കെട്ട് നടത്താനും എബിച്ചനറിയാം’- വരയനിലെ ഫാദർ എബി കപ്പൂച്ചിനെ കുറിച്ച് ചോദിച്ചപ്പോൾ കഥാപാത്രത്തെ അവതരിപ്പിച്ച സിജു വിൽസൺ പറഞ്ഞ വാക്കുകളാണിത്. സിനിമ പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നാണ് താരം പറയുന്നത്.
ബി.കെ. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സാണ് സംഗീതം നൽകിയിരിക്കുന്നത്. ഛായാഗ്രഹണം- രജീഷ് രാമൻ, ചിത്രസംയോജനം- ജോൺകുട്ടി, പ്രോജക്റ്റ് ഡിസൈൻ- ജോജി ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ആർട്ട്- നാഥൻ മണ്ണൂർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, സംഘട്ടനം- ആൽവിൻ അലക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- കൃഷ്ണ കുമാർ, മേക്കപ്പ്- സിനൂപ് രാജ്, സൗണ്ട് ഡിസൈൻ- വിഘ്നേഷ്, കിഷൻ ആൻഡ് രജീഷ്, സൗണ്ട് മിക്സ്- വിപിൻ നായർ, കൊറിയോഗ്രഫി- സി. പ്രസന്ന സുജിത്ത്. മെയ് 20ന് ‘വരയൻ’ കേരളമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Read More at – https://www.twentyfournews.com/2022/05/15/varayan-will-be-released-on-may-20-in-theaters-across-kerala.html#.YoES0nhL5IM.whatsapp