യുവതാരം സിജു വിൽസൺ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ വരയൻ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫാദർ എബി കപ്പുച്ചിനെന്ന് പേരുള്ള വൈദികനായാണ് സിജു വിത്സനെത്തുന്നത്. പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയപ്പെടുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ കലിപ്പക്കര എന്ന ദ്വീപ് ഗ്രാമത്തിലേക്ക് കടന്ന് വരുന്ന ഫാദർ എബി കപ്പൂച്ചിൻ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയനിലൂടെ നമ്മുടെ മുന്നിൽ സംവിധായകനും രചയിതാവും അവതരിപ്പിച്ചിരിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആക്ഷനും കോമെടിയും പ്രണയവും മാസ്സ് ഡയലോഗുകളും വൈകാരിക നിമിഷങ്ങളും ആകാംഷ നിറക്കുന്ന മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും ആകര്ഷിക്കുകയാണ്.
ആദ്യ ഷോ മുതൽ ഗംഭീര പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നായകനായി സിജു വിൽസൺ കാഴ്ച വെച്ച പ്രകടനത്തിനും വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിച്ച ഈ ചിത്രം രചിച്ചത് ഡാനി കപ്പുച്ചിനാണ്. ഇതിലെ നായികാ വേഷം ചെയ്ത ലിയോണ ലിഷോയിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രജീഷ് രാമൻ, എഡിറ്റ് ചെയ്തത് ജോൺ കുട്ടി, സംഗീതമൊരുക്കിയത് പ്രകാശ് അലക്സ് എന്നിവരാണ്. ഇതിലെ ഗാനങ്ങളെല്ലാം നേരത്തെ തന്നെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
Read More at : http://onlookersmedia.com/latest-news/varayan-getting-great-responses-from-audience/